Powered By Blogger

Sunday 28 April 2019

തിരഞ്ഞെടുപ്പു2019 April India Election

തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ പോളിംഗ് ഏജൻറായി ബൂത്തിൽ ഇരിക്കുക എന്നത് വളരെ രസകരമാണ്.അതും ബൂത്തിലെ ഓരോ വോട്ടറും ആർക്ക് വോട്ടു ചെയ്യുമെന്ന് കൃത്യമായി അറിവുണ്ടായിരിക്കയും ചെയ്യുമ്പോൾ. വാർഡ് തിരഞ്ഞടുപ്പുകളിൽ ഇതിലെ കണിശത തെറ്റിക്കുന്ന അപാര വിരുതൻമാരുണ്ട്. വേവിംഗ് വോട്ടുകൾ എന്നു വിളിക്കപ്പെടുന്ന അവർ ജനാധിപത്യ പ്രക്രിയക്ക് വളരെ മുതൽക്കൂട്ടാണ് .,2005 ൽ പോളിംഗ് എജന്റായിരുന്നു.

*******************************
വികസനത്തെ സംബന്ധിച്ച് സംഘപരിവാറിന്റെ കാഴ്ചപ്പാട് ചിലപ്പോഴെങ്കിലും വളരെ വിചിത്രമാണ് .സൂക്ഷിച്ചുനോക്കിയാൽ മതകാഴ്ചപ്പാടോടുകൂടിയ കർമ്മഫലസിദ്ധാന്തം അതിൽ തെളിഞ്ഞുവരുന്നുണ്ട് .മനുഷ്യത്വത്തോടും ആധുനികതയോടും ആഭിമുഖ്യം കുറഞ്ഞ ഒരു വികസന കാഴ്ചപ്പാട് അത് പുലർത്തിപ്പോരുന്നു. സാമ്രാജ്യത്വ കുത്തകകളെ കർമ്മഫലസിദ്ധാന്തത്തിൽ ബലപ്പെടുത്തി അവതരിപ്പിക്കുന്ന ഒരു ഹൃദയശൂന്യമായ രീതി അത് അനുവർത്തിക്കുന്നുണ്ട് . ഗ്രാമീണരുടെ ക്ഷേമത്തിന് വേണ്ടി ഗ്രാമങ്ങളിൽ ടെക്‌നോളജിയെ എത്തിക്കുക എന്നതല്ല ടെക്‌നോളജി വിറ്റഴിക്കാക്കാനാഗ്രഹിക്കുന്ന കുത്തകകൾക്കുവേണ്ടി ടെക്‌നോളജിയെ ഗ്രാമത്തിൽ എത്തിക്കുക എന്നതാണ് ഉദ്ദേശ്യം .ഇനിയൊന്ന് അദ്ധ്യാത്മികതയുടെയാകട്ടെ ശാസ്ത്രപുരോഗതിയുടേതാകട്ടെ അതിന്റെ ഏറ്റവും മികച്ച ഗുണഭോക്താക്കൾ ആകേണ്ടവർ ആര് എന്നതിനും ബി ജെ പി സംഘപരിവാറിന് വ്യക്തതയുണ്ട് . ഇക്കാര്യത്തിലും സമത്വബോധം അവർക്കുണ്ടായിട്ടില്ല .ആജ്ഞാനുവർത്തിമനോഭാവവും കാര്യങ്ങളോട് പ്രതികരിക്കുന്നതിലെ അസഹിഷ്ണുതയും അണികളിലെ തന്നെ ഒരുവിഭാഗത്തിൽ മാത്രം കേന്ദ്രീകരിച്ചുനിർത്താൻ അതിന്റെ കോർ ഇന്റലെക്റ്റ് കൃത്യമായി ശ്രമിക്കുന്നുണ്ട് .ഇതൊന്നും വലിയബുദ്ധിമാന്മാർ എന്ന് കരുതുന്ന സംഘ്പരിവാറിലെ തന്നെ പോരാളികൾ മനസ്സിലാക്കിയിട്ടില്ല .ബൗദ്ധിക് -ശാരീരിക് ദ്വന്ദം അവരിലെ ഉച്ഛനീചത്വമാണെന്ന് അവർ അറിയുന്നില്ല .കൂടുതൽ സംഘടിത വോട്ടു ബി ജെ പി പക്ഷത്തേക്കാണെന്നതാണ് സംഘപരിവാറിനെക്കുറിച്ചുള്ള കാര്യങ്ങൾ കൂടുതൽ പറയുന്നതിന്റെ യുക്തിക്കു അടിസ്ഥാനം .Jayan Edakkat

************************************************
ഈ ലോക്സഭാ തിരഞ്ഞെടുപ്പ് അനേകം വിഷയങ്ങളെ അഭിസംബോധനചെയ്യേണ്ടതാണെങ്കിലും കേരളത്തിൽ അത് അങ്ങിനെയല്ല ചെയ്യുന്നത് .തികച്ചും മതവൈകാരികതയിൽ അധിഷ്ഠിതമായാണ് പാർട്ടികളുടെ തിരഞ്ഞെടുപ്പുസംബന്ധിച്ച പ്രതികരണങ്ങൾ വ്യക്തമാക്കുന്നത് .ശബരിമല ഒരുവിഷയമല്ല എങ്കിലും വളരെ ശ്രമിച്ചിട്ടാണെങ്കിലും ബി ജെ പി ക്ക് അത് ചെറിയരീതിയിൽ തുണയാകാൻപോകുന്നുണ്ട് ,അതുകൊണ്ട് വലിയ വിജയം അവർക്കു ലഭിക്കാനിടയില്ലെങ്കിലും . ഈ അവസ്ഥാ വിശേഷത്തിലേക്കു കേരളം എത്തിപ്പെടുന്നതിനു കാരണമന്വേഷിച്ചാൽ അത് ഇടതുമുന്നണിക്കുനേരെ വിരൽ ചൂണ്ടുന്നുണ്ടെന്നു കാണാം .രണ്ടാമത്തെ മാറാട് കലാപം തുടങ്ങി അധ്യാപകന്റെ കൈവെട്ടു കേസ് തുടർന്ന് കാസർഗോഡ് രാഷ്ട്രീയ കൊലപാതകങ്ങൾ വരെ അതിനു കാരണമായിട്ടുണ്ട് .തെക്കേ ഇന്ത്യയിൽനിന്ന് വിജയങ്ങൾ ഉണ്ടായിരുന്നപ്പോൾ കേരളത്തിൽ തിരഞ്ഞ്ഞെടുപ്പു വിജയങ്ങൾ ബി ജെ പി ക്ക് ഉണ്ടാകാതിരുന്നതിനു കാരണം മലയാളികളിൽ പ്രത്യേകിച്ച് ഹിന്ദു മതക്കാരിൽ കാണുന്ന ജാതി മത അധിഷ്ഠിതമായ വികാരം താരതമ്യേനെ കുറവാണെന്നതാണ് .എന്നാൽ ന്യൂനപക്ഷ മതക്കാർ അങ്ങിനെ തിരഞ്ഞ്ഞെടുപ്പു നേട്ടം അരപ്പതീറ്റാണ്ടുകാലം ഉണ്ടാക്കിയിട്ടും ഹിന്ദു മതക്കാരെ അതിനെതിരെ വൈകാരികമായി പ്രതികരിക്കാൻ അത് കാരണമാക്കിയിട്ടില്ല . രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം യഥാർത്ഥത്തിൽ കോൺഗ്രസ്സിന് ഇക്കാര്യത്തിൽ ഇടതുമുന്നണിയേക്കാൾ മേൽക്കൈനേടുന്നതിനു കാരണമായിട്ടുണ്ട് .കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ബുദ്ധിശൂന്യമായാണ് ഈ കാര്യത്തിൽ തീരുമാനം കൈകൊണ്ടത് .യാതൊരു തരത്തിലും രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ പാടില്ലായിരുന്നു . രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ബി ജെ പി ആഗ്രഹിക്കുന്ന തരത്തിൽ ഒരു ധ്രുവീകരണത്തിന് കാരണമാകുന്നതായിരിക്കും . വിജയത്തിന് മുസ്‌ലിംലീഗ് കാരണമാകുന്ന വയനാട്ടിൽ ആവിജയംകൊണ്ട് നേട്ടം പിടിച്ചുപറ്റാനും ലീഗിന് കഴിയും എന്നറിയുന്നവരാണ് കോൺഗ്രസ്സിലെ വലിയൊരുവിഭാഗവും .അപ്പോൾ നഷ്ട്ടം വരേണ്ടത് കോൺഗ്രസ്സിനുതന്നെയാണ് . മലപ്പുറത്തിനും പൊന്നാനിക്കും ശേഷം മൂന്നാമതൊരു ലോക്സഭാ സീറ്റ് എന്ന മുസ്‌ലിം ലീഗിന്റെ നിശബ്ദനീക്കം വിജയത്തിലേക്കാകുകയാണ് . ഈ വിഷയം ബി ജെ പി ദേശീയതലത്തിൽനിന്നുതന്നെ ഉയർത്തിക്കഴിഞ്ഞു . .ക്രമേണെ അത് ഫലം കണ്ട്‌ തുടങ്ങി എന്നുവേണം കരുതാൻ.ഇന്ത്യൻ ജനാധിപത്യത്തിന്റെ വികാസത്തിനെകുറിച്ചു സമൂഹം ആശങ്കകൾ ഉയർത്തുന്ന സാഹചര്യത്തിൽ അത്തരം ഉദ്വിഗ്നതകൾ കോൺഗ്രസ്സ് മനസ്സിലാക്കുന്നില്ല എന്നത് ആശ്ചര്യമാണ്
വികസനസൂചികകൾ മുന്നോട്ടുപോയി എന്ന് എത്രയൊക്കെ ബി ജെ പി അവകാശപ്പെട്ടാലും രാജ്യത്താകമാനം സ്വതന്ത്രജീവിതത്തെകുറിച്ചു അസ്വസ്ഥകൾ ഉടലെടുത്തിട്ടുണ്ട് .താഴെത്തട്ടിലുള്ള ജനജീവിതത്തിന് പുരോഗതിനേടാനായോ എന്നും സംശമുണ്ട് .



No comments:

Post a Comment