Powered By Blogger

Friday 7 July 2017

പ്രിയ കവി സച്ചിദാനന്ദൻ തുഞ്ചൻ സ്മാരകപ്രഭാഷണം നടത്തിയത്

ജയൻ എടക്കാട്ട്
പ്രിയ കവി സച്ചിദാനന്ദൻ തുഞ്ചൻ സ്മാരകപ്രഭാഷണം നടത്തിയത് ലേഖനമായി ശാന്തം മാസികയിൽ പ്രസിദ്ധീകരിച്ചുവരുന്നുണ്ട് .വളരെ അപകടകരമായതും ധൈഷണിക ധാർമ്മികതപാലിക്കാത്തതുമായ നിരീക്ഷണങ്ങൾ അതിൽ തീർച്ചയായും ഉണ്ട് .എഴുത്തച്ഛനെ ഒരു കീഴാളകവിയാക്കി പ്രതിഷ്ഠിക്കുന്നത് ഇത്തവണ അത് ആർക്കുവേണ്ടിയാണ് ? തീർച്ചയായും പ്രിയകവി മലയാളികളെ ബോധ്യപ്പെടുത്തിക്കഴിഞ്ഞതായ, ഒരു പ്രത്യേക വിഭാഗത്തിനുവേണ്ടി നിലകൊണ്ടു ആക്ടിവിസം നടത്തിവരുന്നു എന്നതിനെ പാടേ നിരാകരിക്കുന്നു. എഴുത്തച്ഛനെ മലയാളത്തിലെ ഒന്നാമത്തെ കീഴാളകവിയാക്കിയാണ് പ്രതിഷ്ഠിക്കുന്നത് .ആ നിരയിലെ വെറും രണ്ടാമത്തെ കവിമാത്രമാക്കി ശ്രീനാരായണഗുരുവിനെ മാറ്റുന്നു .കുറച്ചുകാലമായി രണ്ടു സമുദായങ്ങൾ എഴുത്തഛനെ സ്വന്തമാക്കാൻ നടത്തിയ നീക്കം പരാജയപ്പെട്ടത് അദ്ദേഹം ആർജ്ജിച്ച ദ്വിജശ്രേഷ്ഠതകൊണ്ടാണ് .എഴുത്തച്ഛനെ സ്വന്തമാക്കാൻ പോരാടിക്കൊണ്ടിരിക്കുന്ന രണ്ടിൽ ഏതുസമുദായത്തിനാണ് സച്ചിദാനന്ദന്റെ എഴുത്ത് ഗുണം ചെയ്യുക എന്ന് അറിയുകയേ വേണ്ടൂ.
പ്രിയ കവി സച്ചിദാനന്ദൻ തന്റെ പ്രഭാഷണത്തിൽ പ്രയോഗിക്കുന്ന 'പ്രതിരോധത്തിന്റെ സൗന്ദര്യം ' എന്ന പ്രയോഗം പ്രഭാഷണത്തിന്റെ കാതൽ എന്ന് വായനക്കാരനെ ബോധിപ്പിക്കുമാറ് പരിശ്രമിച്ചിട്ടുണ്ട് .അപ്പോൾ തന്നെയും കവിയുടെ സ്വന്തം പ്രതിരോധബോധമോ അതിനായി കവി സൃഷ്ടിച്ച കവിതകളുടെ പ്രരോധമൂല്യമോ ഉണ്ടെന്നു അറിയുവാൻ കഴിയുന്നില്ല .തികച്ചും ,അത് അന്യന്റെ കൊടിയ ദുരിതങ്ങൾക്കും അന്യർ ഏറ്റുവാങ്ങുന്ന പീഡനങ്ങൾക്കും നല്ല സൗന്ദര്യമുണ്ട് എന്ന് കവി പ്രസ്താവിക്കുന്നതിനു തുല്യമാണ്. അങ്ങിനെയേ അത് മനസ്സിലാക്കപ്പെടുകയുള്ളൂ എന്ന് പ്രിയ കവി മനസ്സിലാക്കേണ്ടിയിരിക്കുന്നു .അങ്ങിനെ വായനക്കാരൻ വായിച്ചെടുത്തിരിക്കെ 'കവിതയിലെ പ്രതിപാരമ്പര്യം 'എന്നു വിശേഷിപ്പിക്കുന്ന ഒരു പാരമ്പര്യത്തിലെ കണ്ണിയാണ് തുഞ്ചത്ത് എഴുത്തച്ഛൻ എന്നു പ്രിയ കവി പറയുന്നു .ഒപ്പം എങ്ങിനെയുള്ളവരെയാണ് പ്രതിപാരമ്പര്യത്തിൽപെട്ട കവികൾ എന്നുവിളിക്കപ്പെടുന്നത് എന്നതിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്യുന്നു .അതിലൊന്ന് സംസ്കൃതത്തിന്റെ മേൽക്കോയ്മക്കെതിരെ ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നവരാണ്എന്നാണ് .തുടർന്ന് കവി പറയുന്നു 'കവിത ഉണ്ടായത് കീഴാളനിൽനിന്നാണ് എന്നത്കൊണ്ട് തന്നെ അന്ന് നിലനിന്നിരുന്ന മതത്തിനു ഒരു ജനകീയ സമാന്തരം സൃഷ്ടിക്കാനുള്ള ശ്രമമാണ് പ്രതിരോധപാരമ്പര്യത്തിലെ കവികൾ നടത്തിയത് .ഭക്തികവികൾ അത്തരം പ്രതിരോധപാരമ്പര്യത്തിൽപെട്ടവരാണ് .ഇവിടെ കവി പറഞ്ഞ ആശയങ്ങളുടെ യുക്തിഭദ്രതയില്ലായ്മ വെളിവാകുന്നത് എങ്ങിനെയെന്നു നോക്കുക,അത് അദ്ദേഹത്തിന്റെ തുടർന്നുള്ള നിരീക്ഷണങ്ങളിലൂടെതന്നെ കാണാം .'കഴിഞ്ഞ മുപ്പതോ നാല്പതോ വർഷങ്ങളിൽ ഭാരതീയ കവിതയെ സജീവമായി നിലനിർത്തിയിട്ടുള്ളത് സമാന്തരപാരമ്പര്യത്തിന്റെ ധാരയാണ് ' എന്ന്‌ .അപ്പോൾ തീർച്ചയായും കവിതയുടെ ഒരു മുഖ്യധാരയുണ്ട് എന്നു കവി പറയുന്നു .എന്നാൽ കവിതയുണ്ടായത് കീഴാളനിൽനിന്നാണ് എന്നും കവി പറയുന്നു അങ്ങിനെയെങ്കിൽ കവിതയുടെ മുഖ്യധാര കീഴാളരുടേതാകണമായിരുന്നു .പക്ഷെ സമാന്തരക്കാർ കീഴാളരാണെന്നും പറയുന്നു .ഇത്തരം നിരീക്ഷണവൈരുധ്യങ്ങളെ ധൈഷണിക ജാഗ്രതക്കുറവെന്നു പറഞ്ഞാൽ പോരാ അത് ധൈഷണിക സത്യസന്ധതയില്ലായ്മയാണ്. മേൽപ്പറഞ്ഞ ,കീഴാളയരുടേതോ മേലാളരുടെതോ എന്ന് തിരിച്ചറിയാൻ കഴിയാത്ത സമാന്തര പാരമ്പര്യത്തിന്റെ മലയാളത്തിലെ പ്രോദ്‌ഘാടകരിൽ ഒരാളായിട്ടുവേണം എഴുത്തച്ഛനെ കാണാൻ എന്നാണു കവി പറയുന്നത്.ഇത് പ്രിയകവിയുടെ കാല,-ദേശ സാമൂഹിക- ചരിത്ര ബോധത്തിലെ വിള്ളലുകളിൽനിന്നും പുറപ്പെടുന്നതല്ലേ ?. എഴുത്തച്ഛന്റെ സർഗ്ഗവൈഭവം പുറത്തുവന്നുകൊണ്ടിരുന്ന കാലത്തിന്റെ അജ്ഞത എന്നുപറയണമോ? അന്നത്തെ സാമൂഹ്യ ധൈഷണിക വ്യവഹാരങ്ങൾ മനസ്സിലാക്കുമ്പോൾ എഴുത്തച്ഛൻ രചിച്ചതരത്തിലുള്ള കൃതികൾ രചിച്ചൊരാൾ അല്ലെങ്കിൽ അതിനു പ്രാപ്തിയുള്ള പ്രജ്ഞ കൈവരിച്ചൊരാൾ 'കീഴാളൻ' വിശേഷണത്തിന് പാത്രമാകുന്നില്ല .ആ പ്രാപ്തികൈവരിക്കലിലൂടെ കീഴാളത്തം മേലാളത്തം എന്ന അതിർവരമ്പുകൾ ഇല്ലാതാകുന്നു.വിദ്യകൊണ്ടും സിദ്ധികൊണ്ടും സർഗ്ഗശേഷികൊണ്ടും അത് ഇല്ലാതാകുന്നു .ആ മണ്ഡലത്തിൽ അത്രയും ഉന്നതിയുള്ളവരാണ് വിരാജിച്ചിരുന്നത് .ഇത്‌ സമൂഹത്തിന്റെ എല്ലാ അടരുകളിലുള്ളവരും അംഗീകരിച്ചിരുന്നു. സ്വാഭാവികമായ പ്രക്രിയതന്നെയായിരുന്നു ആ അംഗീകാരം.അത് ഭാരതത്തിന്റെ ജ്ഞാനമേഖലയുടെയും സമൂഹമനസ്സിൻെറയും സവിശേഷതയാണ് .കാട്ടാളനായിരുന്ന വാല്മീകിയേയും മുക്കുവ സ്ത്രീയുടെ മകനായിരുന്നു വ്യാസനെയും ആരും ശൂദ്രർ എന്ന് വിളിക്കാറില്ല സർ .മഹാ ഋഷിമാരാണ് സർ .അതോ അവരും പ്രതിരോധകവിതക്കാരാണൊ?
തുടർന്ന് കവി പറയുന്നു ,അല്ല ,അതൊരു തകിടം മറിച്ചിലാണ്. ''ശൂദ്രനായ എഴുത്തച്ഛനാണ്‌ മലയാളിയുടെ വേദഗുരുവും വിദ്യാപീഠവുമാണ് എഴുത്തച്ഛൻ .സംസ്കൃതത്തിന്റെ ധൈഷണികതയും വിചാരഗരിമയും ദ്രാവിഡത്തിന്റെ വൈകാരികതയും സംഗീതാത്മകതയും കലർത്തി മലയാള ഭാഷയെ ശക്തവും നവീനവുമാക്കി എഴുത്തച്ഛൻ . പ്രിയ കവി സച്ചിദാനന്ദൻ പ്രസംഗിച്ചുകൊണ്ടിരിക്കുന്ന വേദിയിൽഎഴുത്തച്ഛൻ ഇരിക്കുന്നുണ്ടെന്നു കരുതി കുറച്ചു പ്രശംസാവാക്കുകൾ പറഞ്ഞതാണെന്ന് കരുതാം ഈ വാക്കുകളെ .കാട്ടാളനായിരുന്ന വാല്മീകിയേയും മുക്കുവ സ്ത്രീയുടെ മകനായിരുന്നു വ്യാസനെയും ആരും ശൂദ്രർ എന്ന് വിളിക്കാറില്ല സർ .മഹാ ഋഷിമാരാണ് സർ.ആ ധാരയുടെ പലകൈവഴികളിൽനിന്നുള്ളത് തന്നെയാണ് എഴുത്തച്ഛനും .അത് പക്ഷെ ആർജ്ജിക്കുന്നതാണ് .പലതായിരുന്നവർ ആർജ്ജിച്ച്‌ ഉന്നതികളെ പ്രാപിക്കുന്നതാണ് .ആസൂത്രിതമായി ആരും പ്രതിഷ്ഠാപനം നടത്തുന്നതല്ല . അവർ പ്രതിരോധകവിതക്കാരല്ല സർ . അത്തരമൊരു ശ്രേഷ്ഠത എഴുത്തച്ഛൻ കൈവരിച്ചതിനാലാണ് അദ്ദേഹത്തിന്റെ കൃതികൾ മേലാളൻ കീഴാളൻ എന്നെ ഭേദമില്ലാതെ എല്ലാവരും പാരായണം ചെയ്യുന്നത് .ആ ഇടത്തിലേക്കാണ് പ്രിയ കവി ജാതി വിഭാഗീയത കടത്തിവിടുന്നത് .ഇത് പക്ഷെ കവിക്ക് ജാതി താൽപ്പര്യം ഉണ്ടായിട്ടുവേണം എന്നല്ല .ഇന്ത്യയിൽ അങ്ങിനെ വിഭാഗീയത ഉണ്ടാക്കാൻ സൃഷ്ടിക്കപ്പെട്ട സിദ്ധാന്തങ്ങൾക്ക്( ഉദാഹരണത്തിന്എം.എൻ .കാരശ്ശേരി ഭാഷാപോഷിണിയിൽ എഴുതിയപോലത്തെ ഭാഗവത റിവ്യൂകൾ )അടിമയാക്കപ്പെട്ട വലിയൊരു ചിന്താമണ്ഡലത്തിന്റെ പ്രതീകമാണ് പ്രിയ കവി സച്ചിദാനന്ദൻ എന്നുവേണം കരുതാൻ .
ലാറ്റിനമേരിക്കൻ കവിതകൾ മാത്രമല്ല ഞാൻ വായിച്ചിട്ടുള്ളത് ഭാരതത്തിന്റെ കാവ്യ,കാവ്യ -മീമാംസാ ,തത്ത്വചിന്ത,ആധ്യാത്മികത തുടങ്ങി ഭാരതീയമായ എല്ലാ ജ്ഞാനമണ്ഡലങ്ങളിലും ഞാൻ പ്രജ്ഞനാണ് എന്ന് തെളിയിക്കാൻ പ്രിയകവി സച്ചിദാനന്ദൻ ഈ അടുത്തിടെ തുടങ്ങിയ ശ്രമങ്ങളുടെ ഭാഗമായിട്ടുവേണം ഇതൊക്കെ എന്നുവേണം കരുതാൻ.അങ്ങിനെ ശ്രമം നടത്തുമ്പോൾ പിണയുന്ന അബദ്ധങ്ങൾ എന്നുവിശ്വസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഒരു നിരീക്ഷണത്തെകുറിച്ച് പറയട്ടെ . എഴുത്തച്ഛന് ശൂദ്രബോധം ഉണ്ടായിരുന്നതിനാലാണ് രാമായണം വിവർത്തനം ചെയ്തപ്പോൾ തത്തയെ (ശുകം )കൊണ്ട് പറയിപ്പിക്കുന്നരീതിയിൽ എഴുതിയത് .അതായത് ബ്രാഹ്മണരെ പേടിച്ച് എന്ന് .
ശുകമഹർഷിയുടെ മുഖത്തുനിന്നാണ് ഭാഗവതം പുറപ്പെടുന്നത് എന്ന് ഭാഗവതം പ്രഥമസ്കന്ധം ആറാം അധ്യായത്തിലെ
''നിഗമകല്പതരോർഗ്ഗളിതം ഫലം ശുകമുഖാദമൃതദ്രവസംയുതംപിബത ഭാഗവതം രാസമാലയം മുഹുരഹോ രസികാ ഭുവി ഭാവുകാ: ''
ഈ ശ്ലോകത്തിൽനിന്നും മനസ്സിലാക്കുന്നു.മാത്രമല്ല ശുകമഹർഷിയും ശുകമഹർഷിക്കു ആ പേരുകിട്ടുവാനും ശുകവും (തത്തയും) ശുകമഹർഷിയും തമ്മിലും ബന്ധപ്പെട്ടു നിരവധി കഥകളും വിശ്വാസങ്ങളും ഉണ്ട് .സ്വാഭാവികമായി എഴുത്തച്ഛനിൽ ഈ ആശയമൊക്കെ ഉണ്ടാകും എന്നത് എഴുത്തച്ഛൻറെ രാമായണവും ഭാഗവതവും വ്യാസഭാഗവതവും നൂറ്റാണ്ടുകളായി ഭക്തിയാലും അല്ലാതെയും പാരായണം ചെയ്യുന്ന ഭാരതീയർക്കും ലോകത്തിലെ ഇതര ജനങ്ങൾക്കും ഒട്ടും അതിശയോക്തിയോ ആശ്ചര്യമോ ഇല്ലാത്തതാണ് എന്ന് കവി അറിയേണ്ടതാണ് .
വ്യാസമഹർഷി രചിച്ച ശ്രീ മഹാഭാഗവതത്തെ കുറിച്ച് അദ്ദേഹം ഒന്നുകൂടി പറഞ്ഞതുകൂടികേട്ടാൽ അത് കൂടുതൽ ബോധ്യമാക്കും.അദ്ദേഹം പറയുന്നു ''ഭാഗവതം നമുക്ക് കാവ്യഗ്രന്ഥമാണ് ഭാഗവതത്തിലെ ദശമസ്കന്ധം പാശ്ചാത്യർക്ക് തത്ത്വചിന്തയാണ് .'' .ഇവിടെ ‘നമുക്ക്’ എന്ന് കവി പറഞ്ഞതിൽപെട്ടവർ ആരൊക്കെ എന്ന് മനസ്സിലാകുന്നില്ല .കുറഞ്ഞത് ദശമസ്കന്ധം ഭാരതീയർക്ക് തത്ത്വചിന്തയല്ല എന്ന് അനുമാനിക്കാമല്ലോ? അവിടേയും കവിയുടെ വിഭാഗീയതാ ത്വര ഉണരുന്നു. ഭാഗവതത്തിന്റെയും ഭഗവദ് ഗീതയുടെയും വേദാന്തത്തിന്റെയും വിചാരധാര സ്വദേശി- വിദേശി വിഭാഗീയതക്ക് അതീതമാണ് സർ. കൃസ്തുവിന്‌ പതിനായിരംവർഷം മുൻപെങ്കിലും ആരംഭിച്ചത് എന്ന് സാമാന്യ വ്യവഹാരഭാഷയിലെങ്കിലും പറയുന്ന നാല് വേദങ്ങൾ, വ്യാകരണം ,ജ്യോതിഷം ആയുർവേദം തുടങ്ങിയവ ഉൾകൊള്ളുന്ന ഉപവേദങ്ങൾ .വൈദീക കാലഘട്ടത്തിനു ശേഷം ജനപഥങ്ങൾ രൂപപ്പെടുന്നതോടൊപ്പം ഉണ്ടായിക്കൊണ്ടിരിക്കുന്ന കാവ്യങ്ങൾ ,കാവ്യ മീമാസകൾ ,ഭൗതിക ശാസ്ത്രം ,ആധ്യാത്മിക ശാസ്ത്രം ,തന്ത്രം ,മന്ത്രം തുടങ്ങി ബോധമണ്ഡലത്തിലൂടെ അനേകം പ്രതിപാദിച്ചിട്ടുള്ളതെന്തും ഭാരതത്തിൽ അത് കവിതയായിട്ടാണ് സാർ .

No comments:

Post a Comment