Powered By Blogger

Sunday, 28 April 2019

പഞ്ചഭൂതങ്ങൾ(Five Elements).

അഗ്നി, വായു ,ജലം, ആകാശം ,ഭൂമി എന്നിവയാണ് പഞ്ചഭൂതങ്ങൾ(Five Elements). ഇതിൽ ഭൂമി എന്നത് എഴുഭൂഖണ്ഡങ്ങൾ ഉൾക്കൊള്ളുന്ന നമ്മുടെ മനുഷ്യരാശി നിവസിക്കുന്ന ഭൂമിയെ അല്ല ഉദ്ദേശിക്കുന്നത്. ഭാരതീയ ശാസ്ത്രങ്ങൾ അത് വ്യക്തമായി പറയുന്നുണ്ട്. പഞ്ചഭൂതങ്ങളിൽ പെടുന്നില്ലങ്കിലും ഭൂമി എന്ന ഗ്രഹത്തെ സ്തുതിക്കാവുന്നതാണ്.പഞ്ചഭൂതങ്ങളിൽ ഒരു ഭൂതമായ ഭൂമിയെ ഭാവനയിൽ മാത്രമേ ആലിംഗനം ചെയ്യാനാകൂ



തിരഞ്ഞെടുപ്പു2019 April India Election

തിരഞ്ഞെടുപ്പു പ്രവർത്തനത്തിൽ പോളിംഗ് ഏജൻറായി ബൂത്തിൽ ഇരിക്കുക എന്നത് വളരെ രസകരമാണ്.അതും ബൂത്തിലെ ഓരോ വോട്ടറും ആർക്ക് വോട്ടു ചെയ്യുമെന്ന് കൃത്യമായി അറിവുണ്ടായിരിക്കയും ചെയ്യുമ്പോൾ. വാർഡ് തിരഞ്ഞടുപ്പുകളിൽ ഇതിലെ കണിശത തെറ്റിക്കുന്ന അപാര വിരുതൻമാരുണ്ട്. വേവിംഗ് വോട്ടുകൾ എന്നു വിളിക്കപ്പെടുന്ന അവർ ജനാധിപത്യ പ്രക്രിയക്ക് വളരെ മുതൽക്കൂട്ടാണ് .,2005 ൽ പോളിംഗ് എജന്റായിരുന്നു.

*******************************
വികസനത്തെ സംബന്ധിച്ച് സംഘപരിവാറിന്റെ കാഴ്ചപ്പാട് ചിലപ്പോഴെങ്കിലും വളരെ വിചിത്രമാണ് .സൂക്ഷിച്ചുനോക്കിയാൽ മതകാഴ്ചപ്പാടോടുകൂടിയ കർമ്മഫലസിദ്ധാന്തം അതിൽ തെളിഞ്ഞുവരുന്നുണ്ട് .മനുഷ്യത്വത്തോടും ആധുനികതയോടും ആഭിമുഖ്യം കുറഞ്ഞ ഒരു വികസന കാഴ്ചപ്പാട് അത് പുലർത്തിപ്പോരുന്നു. സാമ്രാജ്യത്വ കുത്തകകളെ കർമ്മഫലസിദ്ധാന്തത്തിൽ ബലപ്പെടുത്തി അവതരിപ്പിക്കുന്ന ഒരു ഹൃദയശൂന്യമായ രീതി അത് അനുവർത്തിക്കുന്നുണ്ട് . ഗ്രാമീണരുടെ ക്ഷേമത്തിന് വേണ്ടി ഗ്രാമങ്ങളിൽ ടെക്‌നോളജിയെ എത്തിക്കുക എന്നതല്ല ടെക്‌നോളജി വിറ്റഴിക്കാക്കാനാഗ്രഹിക്കുന്ന കുത്തകകൾക്കുവേണ്ടി ടെക്‌നോളജിയെ ഗ്രാമത്തിൽ എത്തിക്കുക എന്നതാണ് ഉദ്ദേശ്യം .ഇനിയൊന്ന് അദ്ധ്യാത്മികതയുടെയാകട്ടെ ശാസ്ത്രപുരോഗതിയുടേതാകട്ടെ അതിന്റെ ഏറ്റവും മികച്ച ഗുണഭോക്താക്കൾ ആകേണ്ടവർ ആര് എന്നതിനും ബി ജെ പി സംഘപരിവാറിന് വ്യക്തതയുണ്ട് . ഇക്കാര്യത്തിലും സമത്വബോധം അവർക്കുണ്ടായിട്ടില്ല .ആജ്ഞാനുവർത്തിമനോഭാവവും കാര്യങ്ങളോട് പ്രതികരിക്കുന്നതിലെ അസഹിഷ്ണുതയും അണികളിലെ തന്നെ ഒരുവിഭാഗത്തിൽ മാത്രം കേന്ദ്രീകരിച്ചുനിർത്താൻ അതിന്റെ കോർ ഇന്റലെക്റ്റ് കൃത്യമായി ശ്രമിക്കുന്നുണ്ട് .ഇതൊന്നും വലിയബുദ്ധിമാന്മാർ എന്ന് കരുതുന്ന സംഘ്പരിവാറിലെ തന്നെ പോരാളികൾ മനസ്സിലാക്കിയിട്ടില്ല .ബൗദ്ധിക് -ശാരീരിക് ദ്വന്ദം അവരിലെ ഉച്ഛനീചത്വമാണെന്ന് അവർ അറിയുന്നില്ല .കൂടുതൽ സംഘടിത വോട്ടു ബി ജെ പി പക്ഷത്തേക്കാണെന്നതാണ് സംഘപരിവാറിനെക്കുറിച്ചുള്ള കാര്യങ്ങൾ കൂടുതൽ പറയുന്നതിന്റെ യുക്തിക്കു അടിസ്ഥാനം .Jayan Edakkat

************************************************
ഈ ലോക്സഭാ തിരഞ്ഞെടുപ്പ് അനേകം വിഷയങ്ങളെ അഭിസംബോധനചെയ്യേണ്ടതാണെങ്കിലും കേരളത്തിൽ അത് അങ്ങിനെയല്ല ചെയ്യുന്നത് .തികച്ചും മതവൈകാരികതയിൽ അധിഷ്ഠിതമായാണ് പാർട്ടികളുടെ തിരഞ്ഞെടുപ്പുസംബന്ധിച്ച പ്രതികരണങ്ങൾ വ്യക്തമാക്കുന്നത് .ശബരിമല ഒരുവിഷയമല്ല എങ്കിലും വളരെ ശ്രമിച്ചിട്ടാണെങ്കിലും ബി ജെ പി ക്ക് അത് ചെറിയരീതിയിൽ തുണയാകാൻപോകുന്നുണ്ട് ,അതുകൊണ്ട് വലിയ വിജയം അവർക്കു ലഭിക്കാനിടയില്ലെങ്കിലും . ഈ അവസ്ഥാ വിശേഷത്തിലേക്കു കേരളം എത്തിപ്പെടുന്നതിനു കാരണമന്വേഷിച്ചാൽ അത് ഇടതുമുന്നണിക്കുനേരെ വിരൽ ചൂണ്ടുന്നുണ്ടെന്നു കാണാം .രണ്ടാമത്തെ മാറാട് കലാപം തുടങ്ങി അധ്യാപകന്റെ കൈവെട്ടു കേസ് തുടർന്ന് കാസർഗോഡ് രാഷ്ട്രീയ കൊലപാതകങ്ങൾ വരെ അതിനു കാരണമായിട്ടുണ്ട് .തെക്കേ ഇന്ത്യയിൽനിന്ന് വിജയങ്ങൾ ഉണ്ടായിരുന്നപ്പോൾ കേരളത്തിൽ തിരഞ്ഞ്ഞെടുപ്പു വിജയങ്ങൾ ബി ജെ പി ക്ക് ഉണ്ടാകാതിരുന്നതിനു കാരണം മലയാളികളിൽ പ്രത്യേകിച്ച് ഹിന്ദു മതക്കാരിൽ കാണുന്ന ജാതി മത അധിഷ്ഠിതമായ വികാരം താരതമ്യേനെ കുറവാണെന്നതാണ് .എന്നാൽ ന്യൂനപക്ഷ മതക്കാർ അങ്ങിനെ തിരഞ്ഞ്ഞെടുപ്പു നേട്ടം അരപ്പതീറ്റാണ്ടുകാലം ഉണ്ടാക്കിയിട്ടും ഹിന്ദു മതക്കാരെ അതിനെതിരെ വൈകാരികമായി പ്രതികരിക്കാൻ അത് കാരണമാക്കിയിട്ടില്ല . രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം യഥാർത്ഥത്തിൽ കോൺഗ്രസ്സിന് ഇക്കാര്യത്തിൽ ഇടതുമുന്നണിയേക്കാൾ മേൽക്കൈനേടുന്നതിനു കാരണമായിട്ടുണ്ട് .കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ബുദ്ധിശൂന്യമായാണ് ഈ കാര്യത്തിൽ തീരുമാനം കൈകൊണ്ടത് .യാതൊരു തരത്തിലും രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ പാടില്ലായിരുന്നു . രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ബി ജെ പി ആഗ്രഹിക്കുന്ന തരത്തിൽ ഒരു ധ്രുവീകരണത്തിന് കാരണമാകുന്നതായിരിക്കും . വിജയത്തിന് മുസ്‌ലിംലീഗ് കാരണമാകുന്ന വയനാട്ടിൽ ആവിജയംകൊണ്ട് നേട്ടം പിടിച്ചുപറ്റാനും ലീഗിന് കഴിയും എന്നറിയുന്നവരാണ് കോൺഗ്രസ്സിലെ വലിയൊരുവിഭാഗവും .അപ്പോൾ നഷ്ട്ടം വരേണ്ടത് കോൺഗ്രസ്സിനുതന്നെയാണ് . മലപ്പുറത്തിനും പൊന്നാനിക്കും ശേഷം മൂന്നാമതൊരു ലോക്സഭാ സീറ്റ് എന്ന മുസ്‌ലിം ലീഗിന്റെ നിശബ്ദനീക്കം വിജയത്തിലേക്കാകുകയാണ് . ഈ വിഷയം ബി ജെ പി ദേശീയതലത്തിൽനിന്നുതന്നെ ഉയർത്തിക്കഴിഞ്ഞു . .ക്രമേണെ അത് ഫലം കണ്ട്‌ തുടങ്ങി എന്നുവേണം കരുതാൻ.ഇന്ത്യൻ ജനാധിപത്യത്തിന്റെ വികാസത്തിനെകുറിച്ചു സമൂഹം ആശങ്കകൾ ഉയർത്തുന്ന സാഹചര്യത്തിൽ അത്തരം ഉദ്വിഗ്നതകൾ കോൺഗ്രസ്സ് മനസ്സിലാക്കുന്നില്ല എന്നത് ആശ്ചര്യമാണ്
വികസനസൂചികകൾ മുന്നോട്ടുപോയി എന്ന് എത്രയൊക്കെ ബി ജെ പി അവകാശപ്പെട്ടാലും രാജ്യത്താകമാനം സ്വതന്ത്രജീവിതത്തെകുറിച്ചു അസ്വസ്ഥകൾ ഉടലെടുത്തിട്ടുണ്ട് .താഴെത്തട്ടിലുള്ള ജനജീവിതത്തിന് പുരോഗതിനേടാനായോ എന്നും സംശമുണ്ട് .



പഞ്ചവടി ശങ്കരനാരായണ ക്ഷേത്രം Uthamettan ,Venuatten, Duglaz saippu

പഞ്ചവടി ശങ്കരനാരായണ ക്ഷേത്രം.ശങ്കരനാരായണ ഭഗവാൻ കഴിഞ്ഞാൽ ഉത്തമേട്ടനെ കാണലാണ് പ്രധാനം.അത്രയധികം പുസ്തകം വായിച്ചിട്ടുണ്ട് അദ്ദേഹം.ശങ്കരനാരായണ ഭഗവാനെ പോലെ മിശ്രമൂർത്തിയാണ് ഉത്തമേട്ടനും. പകുതി ജീവിതകാലം നാസ്തികനും ബാക്കി പകുതി ആസ്തികനും.കണ്ണൂരിൽ നിന്നുള്ള പഴയ നക്സലേറ്റാണ്. ഇപ്പോൾ ക്ഷേത്രത്തിലെ പിതൃതർപ്പണ ചടങ്ങുകളുടെ സഹപുരോഹിതൻ. മറ്റൊന്ന് ഡഗ്ലസ് മിഡിൽട്ടൺ സായ്പിന്റെ ബംഗ്ലാവാണ്. ആദ്യത്തെ ഡിഷ് ആൻറിനകളിൽ ഒന്ന് ഇവിടെയാണ് സ്ഥാപിക്കപ്പെട്ടത്.അവിയൂർ എത്തിയപ്പോഴാണ് നക്സൽ വേണുവേട്ടനെ കണ്ടത്( വേണു എടക്കഴിയൂർ .താടി നീട്ടി വളർത്തിയാൾ)കീഴാറ്റൂരിലെ വയൽക്കിളി സമരഫോട്ടോകളിൽ വേണുവേട്ടനെ പോലെ ഒരാളെ കണ്ടിരുന്നു. അവിടേക്ക് പോയിട്ടില്ല എന്നാണ് വേണുവേട്ടൻ പറയുന്നത്.



Sunday, 27 August 2017

ചണ്ഡാലഭിക്ഷുകി

ചണ്ഡാലഭിക്ഷുകി
-------------------------------------------------------
ഫേസ്‌ബുക്കിലെ ബ്ലോക്‌ലിസ്റ്റിനെ
നിവർത്തിയിട്ടപ്പോഴത്‌
കുമാരനാശാന്റെ 
ചണ്ടാലഭിക്ഷുകിയുടെയത്രയും
വളർന്നിട്ടുണ്ടായിരുന്നു
അയിത്തക്കാരണങ്ങൾ നിറഞ്ഞ
പരവതാനി
കമ്മ്യൂണിസ്റ്റുകാർ
സംഘപരിവാറുകാർ
കോൺഗ്രസ്സുകാർ
വ്യക്തിത്വവികസന
വിൽപ്പനക്കാർ
തുടങ്ങി
ആദ്യകാലത്ത്
ആഡ് ചെയ്ത
സ്വാമിമാർ
ജ്യോത്സ്യന്മാർ
നക്സലേറ്റുകൾ
നിരീശ്വരവാദികൾ
ബോഡി ബിൽഡേഴ്‌സ്
സ്വതന്ത്ര ചിന്തകർവരെ
അതിലുണ്ട്
ലൈക് ചെയ്യാത്ത വൈരാഗ്യത്തിന്
ഇരുപത്തഞ്ചോളംപേരെ
ജാഡക്കാരെന്നു മുദ്രകുത്തി
മുപ്പതോളംപേരെ
എല്ലാപോസ്റ്റുകളും പിന്തുടർന്നു
ലൈക് ചെയ്തതിനു
പത്തോളം പേരെയും
ബ്ളോക് ചെയ്തിരിക്കുന്നു
അല്ലാ...ആരാലാണ്
ആദ്യം ബ്ളോക് ചെയ്യപ്പെട്ടത് ?
പശുക്കിടാവിനെ ചാരിനിന്ന്
ഓടക്കുഴൽ വിളിക്കുന്ന
കൃഷ്ണന്റെ ഫോട്ടോ ഇട്ടതിന്
ഒരു വലിയകവിയാൽ
കവിയുടെ സംഘാടകരാൽ
അനുയായികളാൽ
ഗണപതിയുടെ
അയ്യപ്പൻറെ
മഹാവിഷ്ണുവിന്റെ
മുരുകന്റെ
സരസ്വതീ ദേവിയുടെ
ശിവന്റെ
ഭദ്രകാളിയുടെയുമൊക്കെ
ഫോട്ടോ ഇട്ടതിന്
ആ കവി എത്രപേരെ
ബ്ലോക്ക് ചെയ്തിട്ടുണ്ടാകും
മേതിലിന്റെ
ഒരുഹൈക്കുവിനോളം
വരാതിരിക്കട്ടെ ആ അയിത്തം



Friday, 28 July 2017

"കാവ്വ്യ ധൈര്യങ്ങളുടെ കവി" -സച്ചിദാനന്ദൻ -------------------------------------------------------------------


സ്തുതി ,സ്തോത്രം പദ്യകരകൗശലം തുടങ്ങിയ പഴഞ്ചൻ പരിപാടികൾക്കെതിരെയാണ് എന്റെ പ്രിയ കവി സച്ചിദാനന്ദൻ നിലനിൽക്കുന്നത് എന്നാണു ഞാൻ കരുതിയിരുന്നത് .എനിക്ക് തെറ്റിയിരിക്കുന്നു .ബാലചന്ദ്രൻ ചുള്ളിക്കാട് എന്റെ പ്രിയ കവി സച്ചിദാനന്ദനെക്കുറിച്ച് കവിത എഴുതുന്നു .തിരിച്ച്‌ എന്റെ പ്രിയ കവി സച്ചിദാനന്ദൻ ബാലചന്ദ്രൻ ചുള്ളിക്കാടിനെ കുറിച്ചും കവിത എഴുതുന്നു .ഇതും സ്തുതിയാണ് സർ . പണ്ട് രാജകൊട്ടാരത്തിലെ കവികൾ രാജാവിനെക്കുറിച്ച് സ്തുതിച്ചെഴുതിയിരുന്നതും എന്റെ രണ്ട് പ്രിയ കവികൾ ഇപ്പോൾ ചെയ്യുന്നതും അതേ സ്തുതികളുടെ ഗണത്തിൽപെട്ടതാണ്.
കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അറുപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന
കുന്നംകുളം സമ്മേളനത്തിൽവച്ച് കവി സച്ചിദാനന്ദൻ മൗലികത എന്നൊന്നില്ല എന്ന് വീണ്ടും ആവർത്തിച്ചിരുന്നു. എല്ലാം തുടർച്ചമാത്രമാണെന്നു ഒരൊഴുക്കന്മട്ടിൽ പറഞ്ഞ്, എന്റെ തുടർച്ചയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് എന്നും അല്ലെങ്കിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനും മൗലികത ഇല്ലാ എന്നുമാണ്അദ്ദേഹം പറയാതെ പറയുന്നത് . കവിക്ക് മൗലികതയില്ലെന്ന ബോധ്യത്താലും എക്റ്റിവിസം കൊണ്ടുള്ള കരകൗശലപ്പണിയാൽ കവി എന്നനിലയിൽ പ്രശസ്തനാകുകയും ചെയ്തു എന്നാണു ഞാൻ പറഞ്ഞത് എന്ന് ആരും തെറ്റിദ്ധരിക്കരുത് .അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതികരണങ്ങളോട് എതിർപ്പുണ്ടെങ്കിലും കവി സച്ചിദാനന്ദൻ തന്നെയാണ് മലയാളത്തിലെ "കാവ്വ്യ ധൈര്യങ്ങളുടെ കവി" അല്ലെങ്കിൽ അത്തരമൊരു മൂവ്മെന്റിന്റെ അഗ്രഗാമി .ആ ധൈര്യത്തിലാണ് കുട്ടികളെ നമ്മളൊക്കെ ലക്കും ലഗാനുമില്ലാതെ കവിത എഴുതുന്നത് .പക്ഷെ മൗലികത എന്നൊന്നുണ്ട്.

Wednesday, 19 July 2017

ഭീമന്റെ കാലിൽകൊണ്ട മുള്ളിൽ ഒരു വൈലോപ്പിള്ളി അവതാരിക

ഭീമന്റെ കാലിൽകൊണ്ട മുള്ളിൽ ഒരു വൈലോപ്പിള്ളി അവതാരിക
////////////////////////////////////////////////////////////////////////
ജയൻ എടക്കാട്ട്
"പണ്ടത്തെ പെണ്ണുങ്ങൾതൻ കർക്കശ സ്വഭാവത്തിൽ
മുള്ളുകുത്തലാണെന്നും പുരുഷപാദങ്ങളിൽ
ദ്രൗപതീശാഠ്യം മൂലമലഞ്ഞു കാട്ടിൽ ഭീമൻ
സുന്ദരീ സീതമൂലം രാമനും, തളർന്നത്രെ "
മലയാളത്തിന്റെ എന്നത്തേയും കാവ്യാ ശ്രീമാനായ വൈൽപോപ്പിള്ളി ശ്രീധരമേനോൻ ഹൃദ്ധ്യസ്ഥമാക്കിയിരുന്ന മുകളിലുദ്ധരിച്ച നാലുവരികൾ രചിച്ചത് ജോതിഷ രംഗത്തെ പ്രഗൽഭനായ പെരിങ്ങോട്‌ ശങ്കരനാരായണനാണ്. മാത്രമല്ല പെരിങ്ങോട് ശങ്കരനാരായണന്റെ ആദ്യ കവിതാസമാഹാരമായ ഉദയാൽപരം എന്ന പുസ്തകത്തിന് വിശദമായൊരു അവതാരികയും വൈലോപ്പിള്ളിയിൽ നിന്നൂഎഴുതികിട്ടാനുള്ള ഭാഗ്യം പെരിങ്ങോടിനുണ്ടായി .കവിതാ സാഹിത്യ രംഗത്ത് പ്രസിദ്ധനൊന്നു മല്ലാതിരുന്ന ഒരു കവിയുടെ കവിതാ ശകലം ഹൃദ്ധ്യസ്ഥമാക്കുകയും അതെ കുറിച്ച് എഴുതുകയും ചെയ്യുക എന്നൊക്കെ വൈലോപ്പിള്ളിയുടെ ഗരിമയാണ്.എന്നാൽ കവിക്ക് അതിനുള്ള സന്നദ്ധത ഉണ്ടാകുന്നത് പെരിങ്ങോടിന്റെ ഭാവനനയും അതിനു കാരണമായ ഭീമന്റെ കാലിലെ മുള്ളുകൊള്ളലുമാണ് . പെരിങ്ങോട് തന്ടെ ഭവാനയിലൂടെ ഭീമന്റെ കാലിൽ മുള്ളുകൊള്ളിച്ചത് വൈലോപ്പിള്ളിക്ക് കൊണ്ടു എന്ന് പറയുന്നതാകും ശരി. നാലു പതീറ്റാണ്ടു മുൻപ് വൈലോപ്പിള്ളി തൃശൂർ ദേവസ്വം ക്വാർട്ടേഴ്സിൽ താമസിക്കുന്ന കാലം, തൊട്ടടുത്ത ക്വാർട്ടേഴ്സിൽ ടെലിഫോൺ ഡിപ്പാർട്മെന്റിൽ ജൂനിയർ എൻജിനിയർ ആയി ജോലി ചെയ്യുന്ന പെരിങ്ങോട് ശങ്കരനാരായണനും. ഒരിക്കൽ വൈലോപ്പിള്ളിയെ സന്ദർശിക്കാനെത്തിയ മഹാകവി അക്കിത്തം വൈലോപ്പിള്ളിയെ ശങ്കരനാരായണന്‌ പരിചയപ്പെടുത്തിക്കൊടുക്കുന്നു . ആ പരിചയപ്പെടൽ ഗുരുശിഷ്യബന്ധമായി വളർന്നു .അല്പസ്വല്പം എഴുത്തൊക്കെ ഉണ്ടായിരുന്നതിനാൽ ഒരു കവിതാസമാഹാരം പുറത്തിറക്കാൻ ശങ്കരനാരായണൻ ആഗ്രഹിച്ചിരുന്ന കാലം .കവി എ സ് രമേശൻ നായരുടെ പ്രേരണയിൽ അതിനു ആക്കം കൂടി . കയ്യെഴുത്തു പ്രതി അക്കിത്തവും രമേശൻ നായരും വായിച്ചു .അവതാരിക വൈലോപ്പിള്ളിയുടേതാകണം എന്ന തീരുമാനത്തിലെത്തി .വൈലോപ്പിള്ളി എഴുതിയില്ലെങ്കിൽ അക്കിത്തം എഴുതാമെന്ന് സമ്മതിച്ചു .വൈലോപ്പിള്ളിയുമായി ശങ്കരനാരായണന്‌ നല്ല പരിചയമുണ്ടല്ലോ? , അപ്പോൾ പിന്നെ അവതാരിക കിട്ടാതിരിക്കില്ല വൈലോപ്പിള്ളിയുടെ അവതാരിക ലഭിക്കുക എന്നത് അത്യ അപൂർവ്വ സൗഭാഗ്യമാണെന്നു രമേശൻ നായരും പറഞ്ഞു . അങ്ങിനെ ശങ്കരനാരായണൻ തന്റെ കവിതകളുടെ കയ്യെഴുത്തുപ്രതിയുമായി വൈലോപ്പിള്ളിയെ ചെന്നു കണ്ടു .കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ശങ്കരനാരായണൻ കയ്യക്ഷരം നന്നല്ലെന്നു പറഞ്ഞ് കയ്യെഴുത്തു പ്രതി ശങ്കരനാരായണന്‌ തിരികെ നൽകി.പെരിങ്ങോട് തന്റെ ഓഫീസിലെ സ്റ്റാഫിനെ കൊണ്ടു കയ്യെഴുത്തു പ്രതി മാറ്റിഎഴുതി വീണ്ടും വൈലോപ്പിള്ളിയെ ചെന്നു കണ്ടു .കുറച്ചു ദിവസങ്ങൾക്കു ശേഷം ശങ്കരനാരായണൻ കവിക്കായി ഏർപ്പെടുത്തിയ ചായസൽക്കാരത്തിനിടെ വൈലോപ്പിള്ളി പറഞ്ഞു ' ശങ്കരനാരായണാ കാപ്പി വാങ്ങി തന്നതുകൊണ്ടൊന്നും അവതാരിക എഴുതിത്തരില്ല കവിത നന്നാകണം എന്നാലേ എഴുതൂ. . ആറുമാസം കഴിഞ്ഞു വൈലോപ്പിള്ളി ശങ്കരനാരായണനോട് പറഞ്ഞു.ശങ്കരനാരായണന്റെ കവിത പൊതുവെ ഒരു യുവ കവിയുടെ ശ്രമമെന്ന നിലയിൽ ശ്ലാഘനീയമാണ്.ചില സംസംശയങ്ങൾ ഉണ്ട് എന്ന് പറഞ്ഞു നാല് വരി കാണാതെ ചൊല്ലി .
" പണ്ടത്തെ പെണ്ണുങ്ങൾ തൻ കർക്കശ സ്വഭാവത്തിൻ
മുള്ളു കുത്തലാണെന്നും പുരുഷ പാദങ്ങളിൽ
ദ്രൗപതി ശാഠ്യം മൂലമലഞ്ഞു ഭീമൻ
സുന്ദരി സീതമൂലം രാമനും തളർന്നത്രെ ''
തുടർന്ന് ചോദിച്ചു, ശങ്കരനാരായണാ എങ്ങിനെയാണ് രാമന്റെയും ഭീമൻടെയും കാലിൽ മുള്ളുകൊണ്ടത് .
പെരിങ്ങോട് വിശദീകരിച്ചു . പെണ്ണുങ്ങളുടെ കർക്കശസ്വഭാവത്തിന്ടെ മുള്ളുകുത്തലാണത്. യഥാർത്ഥത്തിലുള്ള മുല്ലുകുത്തലാകണമെന്നില്ല എന്ന് അങ്ങേക്ക് അറിയാമല്ലോ ? ശ്രീരാമന്റെ കാലിൽ മുള്ളുകുത്താനുണ്ടായ സാഹചര്യം രാമായണത്തിൽ തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ശ്രീരാമൻ വന വാസത്തിനു പോയപ്പോൾ അണിഞ്ഞിരുന്ന മെതിയടി ഭരതൻ ശ്രീരാമനോട് ആവശ്യപ്പെട്ട്‌ കൊട്ടാരത്തിലേക്ക് കൊണ്ടുപോന്നിരുന്നു .ആ മെതിയടി സിംഹാസനത്തിൽ വെച്ചുകൊണ്ടാണ് ഭരതൻ രാജ്യം ഭരിച്ചത്. വനത്തിൽ വെച്ച് സീതാപഹരണം നടന്നപ്പോൾ സീതയെ അന്വേഷിച്ചു വനത്തിൽ അലഞ്ഞ രാമന് മുള്ളുകുത്തേൽക്കേണ്ടി വന്നിട്ടുണ്ട് . പൊന്മാനിനെ വേണമെന്ന സീതയുടെ നിര്ബന്ധ ബുദ്ധികൂടിയാണല്ലോ സീതാപഹരണത്തിനു വഴി തെളിയിച്ചത് .പെരിങ്ങോടിന്റെ ഈ ഉത്തരം വൈലോപ്പിള്ളിയെ സന്തോഷിപ്പിച്ചു .
അപ്പോൾ ഭീമന്റെ കാലിൽ എങ്ങിനെയാ മുള്ളുകുത്തിയത് ? എന്നായി അടുത്ത ചോദ്യം. പെരിങ്ങോട് വിശദീകരിച്ചു . അക്കാര്യം മഹാഭാരതത്തിലില്ലാത്തതാണ് .എന്റെ ഭാവനയിൽ സൃഷ്ടിച്ചതാണ്‌. പാഞ്ച പാണ്ഡവന്മാർക്കു പത്നിയായ പാഞ്ചാലിയുടെ അന്തപുര അറയിൽ ഏതെങ്കിലും ഒരു ഭർത്താവ് പ്രവേശിച്ചിരിക്കുമ്പോൾ മറ്റു ഭർത്താക്കന്മാരാരും കയറിക്കൂടാ എന്ന നിയമം ഉണ്ട്‌. ആ നിയമം തെറ്റിച്ച ആൾ പ്രായശ്ചിത്തമായി ഒരു വർഷക്കാലം സന്ന്യാസം സ്വീകരിച്ചു കാട്ടിൽ വസിക്കണം എന്ന് നിഷ്കര്ഷിച്ചിട്ടുണ്ട്‌. അതുകൊണ്ട് അന്തപുരത്തിൽ പ്രവേശിക്കുന്ന ആൾ അതിൻറെ അടയാളമായി തൻറെ പാദുകം(ചെരിപ്പ് ) പുറത്തു വെക്കാറുണ്ട്. ഇതുകണ്ടാൽ വേറെ ആരും അന്തപുരത്തിൽ കടക്കുകയില്ല . ഒരിക്കൽ ധർമ്മപുത്രർ തന്ടെ അന്തപുരത്തിൽ വെച്ച് പാഞ്ചാലിയോടൊത്തു പ്രണയ ലീലകളിൽ മുഴുകി ഇരിക്കുകയായിരുന്നു .ആ സമയം പുറത്തു വെച്ചിരുന്ന ചെരുപ്പ് ഒരു പട്ടികടിച്ചുകൊണ്ടുപോയി .അപ്പോൾ അർജുനൻ അന്തപുരത്തിന് മുൻപിൽ എത്തുകയും അടയാള ചിഹ്നമായി ആരുടെയും ചെരുപ്പ് കാണാത്തതിനാൽ അന്തപുരത്തിനകത്തു പ്രവേശിച്ചു .എന്നാൽ അവിടെ ജ്യേഷ്ഠനായ ധർമ്മപുത്രരും പാഞ്ചാലിയും പ്രണയ കേളികളിൽ മുഴുകിയിരിക്കുന്നു കാണാനിടയായി .നിയമം തെറ്റിച്ചു അന്തപുരത്തിൽ കടക്കുകയും സുരതകേളികൾ കാണാനിടയായതിന്ടെയും പ്രായശ്ചിത്തമായി അർജുനൻ സന്ന്യാസം സ്വീകരിച്ചു കാട്ടിലേക്ക് പോയി .സുരതഭംഗത്തിനിടയായാക്കിയ ആ പട്ടിയെ യുധിഷ്ടിരന് ശപിച്ച കഥയുമുണ്ട് .അതിങ്ങനെയായിരുന്നു .തുറസ്സായ സ്ഥലങ്ങളിൽ അവഹേളനം ഏറ്റുകൊണ്ട് ദുസ്സഹമായ ഒരു വിനാഴിക നീണ്ടു നിൽക്കുന്ന സുരതമാകട്ടെ നിങ്ങളുടേതെന്നായിരുന്നു അത്അങ്ങിനെയാണത്രെ നായ്ക്കളുടെ സുരതം ഇപ്പോൾ കാണുന്ന ഈ വിധമായി തീർന്നത് . ഇതൊക്കെ മഹാഭാര തത്തിലുള്ളതാണ് .
എന്നാൽ പെരിങ്ങോടിന്റെ ഭീമകഥ വേറെയാണ്.കല്യാണ സൗഗന്ധികം പുഷ്പം ലഭിക്കണമെന്ന പാഞ്ചാലിയുടെ അതിയായ ആഗ്രഹം സഫലീകരിക്കാൻ ഭീമൻ തയ്യാറായി . പാഞ്ചാലിയുടെ നിര്ബന്ധ ബുദ്ധിയിൽ ഭീമന് അത് സമ്മതിക്കേണ്ടി -വന്നു.പൂപറിക്കാൻ പോകുന്നതിനുമുമ്പ് ഭീമൻ ചോദിച്ചു .കട്ടിൽ പോയി എല്ലാ ആപത്ഘട്ടങ്ങളേയും തരണം ചെയ്ത് പുഷ്പം ഞാൻ കൊണ്ടുവരാം. വാടാതെ സുഗന്ധം നഷ്ടപ്പെടാതെ അത് പാഞ്ചാലിക്ക് സമ്മാനിക്കാം.വാടി സുഗന്ധമില്ലാത്ത സൗഗന്ധികം കിട്ടിയിട്ട് കാര്യമില്ല. അത് കൊണ്ട് ഞാൻ തിരികെ എത്തിയ ഉടനെ പൂക്കൾ പാഞ്ചാലിയുടെ കയ്യിൽ എത്തിക്കാൻ എന്താണ് മാർഗ്ഗം .വരുന്ന സമയത്തു് ഭർത്താക്കന്മാർ ആരെങ്കിലും പാഞ്ചാലിയുടെ അന്തപുരത്തിൽ പ്രവേശിച്ചിട്ടുങ്കിൽ ഒരു പക്ഷെ ഭീമന് പാഞ്ചാലിയെ കാണാനാകില്ല .അപ്പോളേക്കും പൂക്കൾ വാടി സുഗന്ധം നഷ്ട്ടപ്പെട്ടിട്ടുണ്ടാകും.പാഞ്ചാലി അതിനു ഉടനെ ഉപായം പറഞ്ഞു. അതിനു അങ്ങ് ഒരു കാര്യം ചെയ്യൂ അങ്ങയുടെ വലിയചെരുപ്പുകൾ അന്ത പൂരത്തിന് പുറത്തു അടയാളമായി വെക്കുക . അപ്പോൾ മറ്റുള്ളവർ ഭീമൻ അകത്തുണ്ടെന്നു കരുതി മടങ്ങിക്കൊള്ളും. അപ്പോൾ ഭീമൻ പൂക്കളുമായി നേരെ അന്തപുരത്തിലേക്കു കടന്നു വരികയും ചെയ്യാം. അപ്രകാരം പാഞ്ചാലിയുടെ ആവശ്യമനുസരിച്ചു ഭീമൻ തന്റെ വലിയ പാദുകങ്ങൾ കാന്തപുരത്തിന് മുമ്പിൽ അഴിച്ചുവെച്ചാണ് സൗഗന്ധിക പുഷ്പങ്ങൾ തേടി വനത്തിലേക്ക് പോയത്. പാദുകങ്ങൾ ഇല്ലാതെ കാട്ടിൽ അലഞ്ഞ ഭീമന് തീർച്ചയായും മുള്ളുകുത്തേറ്റിട്ടുണ്ടാകും'
. ഈ ഭീമ കഥ കേട്ടതും വൈലോപ്പിള്ളി പറഞ്ഞു ശങ്കരനാരായണന്റെ ഭാവന അതിഗംഭീരമായിരിക്കുന്നു .കവിതയ്ക്ക് ഞാൻ അവതാരിക എഴുതിത്തരാമെന്നു പറഞ്ഞു
'.നാല് വരിയിൽ രണ്ടു ഇതിഹാസങ്ങളിലെ സത്യത്തെ സമർത്തിച്ചിരിക്കുന്നു'. എന്നിങ്ങനെയുള്ള അവതാരിക 1985 ആഗസ്ത് 18 നു പെരിങ്ങോടിനു ലഭിച്ചു . തകഴിക്കു ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചപ്പോൾ കുന്നംകുളം ബോയ്സ് ഹൈസ്കൂളിൽ വെച്ച് നൽകിയ സ്വീകരണ സമ്മേളന വേദിയിൽ വെച്ച് വൈലോപ്പിള്ളിയുടെ അവതരികയുള്ള പെരുങ്ങോടിന്റെ ''ഉദയാല്പരം'' എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. ഏതാണ്ട് മൂന്നു മാസത്തിനു ശേഷം വൈലോപ്പിള്ളി ഈ ലോകത്തോട് വിടപറഞ്ഞു ''അരയന്നം'' പോലെയുള്ള ഒപ്പുള്ള ആ അവതാരിക പെരിങ്ങോട് ശങ്കരനാരായണൻ നിധിപോലെ സൂക്ഷിക്കുന്നു.

Saturday, 8 July 2017

അപാരേ കാവ്യ സംസാരേ കവിരേപ പ്രജാപതി

ഭാരതീയ കാവ്യശാസ്ത്രങ്ങളിലും കവി എഴുതുന്നത് തന്നെയാണ് കവിത. എന്നാൽ കവി ആരാണ് ? അത് ഋഷി മാത്രമാണെന്നാണ് ഭാരതീയ കാവ്യമീമാംസകൾ പറയുന്നത് .തീർച്ചയായതും അപ്പോൾ ക്രാന്തദർശിത്വം ഉള്ളയാൾ തന്നെയാണ് കവി .എന്നാൽ അത് രാജര്ഷി പോലെ ഋഷികവിയല്ല .ഋഷിത്വം ഉള്ളവൻ/വൾ എന്നുതന്നെ .ഏതൊക്കെ കവിതയല്ല  ഏതൊക്കെയാണ്  പ്രാർത്ഥനകൾ   ,സ്തുതിയേത്, മന്ത്രമേത് എന്നൊക്കെ ഭാരതീയ കാവ്യമീമാംസകൾ അതി വിശാലമായും ഗഹനമായും ചർച്ചകൾ നടത്തിയിട്ടുണ്ട് ആനന്ദവർദ്ധനന്റെ 'ധ്വന്യാലോകം '. വിശ്വനാഥന്റെ 'സാഹിത്യദർപ്പണം ' ,മമ്മടന്റെ 'കാവ്യപ്രകാശം ' ,കുന്തകന്റെ 'വക്രോക്തിജീവിതം ' .ജഗന്നാഥ്‌പണ്ഡിതന്റെ 'രസഗംഗാധരം' തുടങ്ങി അനേകമുണ്ട്  ആ ലിസ്റ്റിൽ .ഇവർ ആവിഷ്കരിച്ച അല്ലെങ്കിൽ പുനരാലോചിക്കുന്ന കാവ്യസിദ്ധാന്തമാതൃകകൾ പിൻപറ്റി നിർവ്വഹിക്കപ്പെട്ടവ മാത്രമാണ് കവിതകൾ എന്നൊന്നുമല്ല പറയുന്നത് .ഭാരതീയകാവ്യപാരമ്പര്യത്തിന്റെ ആഴവും പരപ്പും സൂചിപ്പിക്കുന്നേയുള്ളൂ .കടമ്മനിട്ടയെ മാത്രം വായിക്കുകയും ഭാരവിയുടെ 'കിരാതാർജ്ജുനീയം ' വായിക്കാനും മനസ്സിലാക്കാനും കഴിയാത്തതുകൊണ്ടുകൂടിയാണ് കടമ്മനിട്ട തിരുത്തി എന്നൊക്കെ പറയിപ്പിക്കുന്നത് .അവിടെ തിരുത്തലൊന്നുമില്ല കടമ്മനിട്ട ഉമാമഹേശ്വര കഥയെ ഉപജീവിച്ച് ഒരു നല്ല കവിത എഴുതി ,പൊളിച്ചടക്കലുകൾ ഒന്നുമില്ല .അങ്ങിനെ കഴിയുകയുമില്ല .മറ്റൊന്ന് പൂജ്യം ഒറ്റയ്ക്ക് നിൽക്കുമ്പോൾ മരണമല്ല പൂർണ്ണതയാണ് ,ശ്രീനാരായണഗുരുദേവൻ അകവും പുറവും തിങ്ങി നിറഞ്ഞ ചൈതന്യമെന്നാണ് അതിനെ പറയുന്നത് .ഞാതാവും അജ്ഞാതവുമായ ഏക പൂർണ്ണത അതുമാത്രമാണ് .പൂജ്യം  അകവും പുറവും നിറഞ്ഞ ചൈതന്യമാണെ സത്യമാണെന്നിരിക്കെ തന്നെ പൂജ്യം മരണമാണെന്ന് സങ്കൽപ്പിക്കാൻ     സ്വാതന്ത്ര്യമുണ്ട്. അത് തികച്ചും വൈയക്തികമാണ് .ഭാരതീയകാവ്യം പക്ഷെ  ചൈതന്യഅഭിമുഖ്യത്തെയാണ് പ്രകടിപ്പിക്കുന്നത്. ആത്യന്തികമായി അത് പൂർണ്ണതയാണ് . പൂർണ്ണമദഃ പൂർണ്ണമിദം പൂര്ണാത് പൂർണ്ണമുദച്യതേ ,പൂര്ണസ്യപൂണ്ണമാദായ പൂർണ്ണമേവാവശിഷ്യതേ (ഉപനിഷത് ) ഈ വരികൾ നല്ല കവിതയല്ലേ????????????? അപാരേ കാവ്യ സംസാര കവിരേപ പ്രജാപതി